Popular Posts

Showing posts with label Story. Show all posts
Showing posts with label Story. Show all posts

WOOO HOOO… It Pay To Behave On Social Media!! ( A Mini Story)

A Mini Story Translated From The Original Malayalam Language

picture credit: freedigitalmedia.net

It was his dream job; he could finish all of the three tough interviews in a multinational company.

They called him for the final interview.

He had full confidence of getting this job. But the result was just the opposite.


They just denied the job for him. The reason for their rejection really perplexed him. 

To Read on please click on the below link:



WOOO HOOO… It Pay To Behave On Social Media!! ( A Mini Story)





Credit:  Philipscom/WordPress

കറുമ്പിയുടെ കഥ - "പാവം കറുമ്പി" അഥവാ ഞങ്ങളുടെ ഗ്രാമത്തിന്റെ കഥ

കറുമ്പിയുടെ പുനര്‍ജ്ജന്മം - പട്ടണത്തില്‍ ഞാന്‍ കണ്ട കറുമ്പി

കുട്ടന്‍ ചേട്ടന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന തട്ടേക്കാട്ട്  കൊരട്ടിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെ കറുമ്പി എന്ന് ഓമനപ്പേരുള്ള പുള്ളിപ്പശു  ഞങ്ങളുടെ നാട്ടിലെ സംസാര വിഷയമായി  മാറിക്കഴിഞ്ഞത് വളരെ പെട്ടന്നായിരുന്നു.  


കവലയിലും, നാലാളു കൂടുന്നിടത്തെല്ലാം പ്രാധാന സംസാര വിഷയം കറുമ്പി തന്നെ.

സര്‍ക്കാര്‍ ഓഫീസ്സുകളില്‍, പള്ളിക്കൂടങ്ങളില്‍, കോളേജുകളില്‍, വ്യാപാര ശാലകളില്‍ എന്തിനധികം ഏല്ലാവര്‍ക്കും കറുമ്പി തന്നെ സംസാര വിഷയം

വളഞ്ഞവട്ടം ആലുംതുരുത്തിക്കവലയിലെ ഒരു പച്ചക്കറിക്കച്ചവടക്കാരനായിരുന്നു കുട്ടന്‍ ചേട്ടന്‍.  

തനിക്കു ഈ അടുത്ത സമയത്ത് തന്റെ ഭാര്യാ വീട്ടുകാര്‍ കൊടുത്ത കറവപ്പശുവാണ്  കറമ്പി.

കറുമ്പി കുട്ടന്‍ ചേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ കുട്ടന്‍   ചേട്ടന്റെ ശുക്രദശയും  ഉദിച്ചു എന്നാണു കരക്കാരുടെ സംസാരം.

അത് ഒരു വിധത്തില്‍ ശരിയുമായിരുന്നു.

വെറുമൊരു കുഗ്രാമമായിരുന്ന ഞങ്ങളുടെ നാട്ടില്‍ സായിപ്പെന്മാര്‍ പടുത്തുയര്‍ത്തിയ  ഒരു പഞ്ചസാര  ഫാക്ടറി നാടിന്റെ മുഖച്ചായ തന്നെ മാറ്റി ഒരു ചെറിയ പട്ടണത്തിന്റെ പ്രതീതി തന്നെ അത് പകര്‍ന്നു തന്നു.

അവിടുത്തെ മിക്ക ചായക്കടകളിലും കുട്ടന്‍ ചേട്ടന്റെ കറുമ്പിയില്‍ നിന്നും  കിട്ടുന്ന ചുവപ്പും വെള്ളയും ഇട കലര്‍ന്ന ഒരു പ്രത്യേകതരം നിറമുള്ള പാലില്‍ നിന്നുള്ള ചായയായിരുന്നു വിതരണം ചെയ്തിരുന്നത്.   

ആ ചായ കുടിച്ചവർ  പറയുന്നത് ആ ചായക്ക്‌ ഒരു പ്രത്യേക രുചി തന്നെ എന്നാണ്.

കറുമ്പിയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക തരം പാൽ  പോലെ തന്നെ അവളുടെ സ്വഭാവവും, ജീവിത രീതിയും ഒന്ന് വേറേ തന്നെ ആയിരുന്നു.

വെള്ളയും കറുപ്പും  ഇട കലര്‍ന്ന പുള്ളികള്‍ ഉള്ള പശുവിനു കറുമ്പിയെന്ന പേരു കിട്ടിയത് തന്നെ വിചിത്രമായി തോന്നുന്നില്ലേ! 

ഒരു സാധാരണ പശുവില്‍ നിന്നും തികച്ചും വ്യത്യസ്തമായ പല സ്വഭാവ വിശേഷങ്ങളും കറുമ്പിക്കുണ്ടായിരുന്നു.

കുട്ടന്‍ ചെട്ടനത് നല്‍കുന്ന പാലിന് കണക്കും കയ്യും ഇല്ലാന്നാണ്‌ കഴുതകള്‍ എന്നു പരക്കെ പറയാറുള്ള പൊതുജനം പറയുന്നത്.  
 
അതുപോലെ തന്നെ ബുദ്ധി ജീവികള്‍ എന്നു ഒരു കൂട്ടരേ ആരോ വിശേഷിപ്പിച്ചവരില്‍  നിന്നും പതിന്മടങ്ങ്‌ ബുദ്ധി കറുമ്പിക്കുണ്ടായിരുന്നുതാനും.

സാമാന്യമര്യാദ അനുസരിച്ചുള്ള ക്ഷേമാന്വേഷണം നടത്തുന്നതിനായി അവള്‍ അയല്‍ വീടുകളില്‍ കയറി യിറങ്ങുക പതിവാക്കിയിരുന്നു.  സന്ദര്‍ശന വീടുകളില്‍ നിന്നും അവള്‍ക്കു മിക്കപ്പോഴും കാര്യമായിട്ടെന്തെങ്കിലും കിട്ടുമായിരുന്നു. അതും അകത്താക്കി അവള്‍ സുഭിക്ഷയോടു, കുട്ടന്‍ ചേട്ടന്‍ അവള്‍ക്കായി ഒരുക്കിയിരുന്ന മനോഹരമായ തൊഴുത്തിലേക്ക്‌ നടന്നു നീങ്ങുന്ന കാഴ്ച തന്നെ ഒന്ന് കാണേണ്ടതാണ്.

ആവശ്യമെന്ന് തോന്നുമ്പോള്‍ അവള്‍ ആരുടേതെന്നില്ലാതെ തൊടികളിലേക്ക് കടന്നു കയറി തൊടികളില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പ്ലാവില്‍ വലിഞ്ഞു കയറി ചക്കകള്‍ പറിച്ചു തിന്നുന്നതിലും, പഠനത്തിനെന്നോണം പള്ളിക്കൂടങ്ങളിലേക്കും, ഷോപ്പിങ്ങിനെന്നോണം കടകളിലേക്കും അനായാസേന കയറിയിറങ്ങുന്ന 
ഭീമാകാരയായ കറുമ്പിപ്പശുവിനെ  നാട്ടുകാര്‍ ഞങ്ങള്‍ ഒട്ടും വെറുത്തില്ല.


കാരണം, ഏതോ ദിവ്യ ശക്തി ഉള്ള ഒരു പശുവത്രേ കറുമ്പി എന്നു ഞങ്ങള്‍ ഒന്നടങ്കം വിശ്വസിച്ചു.  ഒപ്പം ഭക്തിയുടെ പാരമ്യതയില്‍ എത്തി നില്‍ക്കുന്ന ചിലര്‍ അവള്‍ക്കു, പഴങ്ങള്‍, പഞ്ചസാര, അവില്‍, മലര്‍ തുടങ്ങിയവ നല്‍കി ബഹുമാനിക്കാനും മറന്നില്ല.


ചിലപ്പോള്‍ ഇത്തരം സംഭാവന കളുമായി വരുന്നവരുടെ  ഒരു നീണ്ട നിര തന്നെ കുട്ടന്‍ ചേട്ടന്റെ വീടിനു മുന്നില്‍ കാണാമായിരുന്നു.


എന്തിനധികം, അങ്ങനെ കറുമ്പിയും കുട്ടന്‍ ചേട്ടന്റെ കുടുംബവും സുഭിക്ഷതയോടെ കുറേക്കാലം ഞങ്ങളുടെ നാട്ടില്‍ വാണു.  
              
കുട്ടന്‍ ചേട്ടന്റെ ചിതലെടുത്തു നിന്നിരുന്ന  പഴയ  മൂന്നു  മുറി  വീടിന്റെ  സ്ഥാനത്ത്  അനേക  നിലകളുള്ള  ഒരു മണിമന്ദിരം  തന്നെ തലയുയര്‍ത്തി.


ഒപ്പം കറുമ്പിയുടെ രൂപവും മാറി, അവള്‍ കുറേക്കൂടി കൊഴുത്തു തടിച്ചൊരു സുന്ദരി ആയെന്നു പറഞ്ഞാല്‍  മതിയല്ലോ.


എന്തിനധികം കുട്ടന്‍ ചേട്ടന്റെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിച്ചു.  കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയെങ്കിലും കറുമ്പിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. പകരം അവളുടെ അയല്‍ വീട് സന്ദര്‍ശനത്തിന്റെ ആക്കം വര്‍ദ്ധിച്ചു എന്നു പറഞ്ഞാല്‍ മതി, ഒടുവില്‍ അത്  നാട്ടുകാര്‍ക്ക്  മടുപ്പുളവാക്കും വിധത്തിലായി, ചുരുക്കത്തിൽ കറുമ്പിയെക്കൊണ്ടവര്‍ സഹി കെട്ടു.


കറുമ്പിയില്‍ ദിവ്യ ശക്തി ദര്‍ശിച്ചവര്‍ സഹി കെട്ടു കറുമ്പിയുടെ ശല്യം ഒഴിവായിക്കിട്ടാന്‍ ഒടുവില്‍ മുഖ്യ മന്ത്രിക്കുവരെ നിവേദനം സമര്‍പ്പിച്ചു കാത്തിരുന്നു.


കാര്യം ഇങ്ങനെയൊക്കെ ആയെങ്കിലും കുട്ടന്‍ ചേട്ടനും കൂട്ടരും നാട്ടുകാരുടെ പരാതി  ഒട്ടും കൂസ്സാക്കിയില്ല.  മറിച്ചു കുട്ടന്‍ ചേട്ടന്‍ തന്റെ തിരക്കില്‍ മുങ്ങി കച്ചവടത്തില്‍ മാത്രം ശ്രദ്ധ കാട്ടി മുന്നോട്ടു നീങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ്  പെട്ടന്ന് നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വര്‍ദ്ധിച്ചു തുടങ്ങിയത്.


എന്തിനധികം, പശുക്കളെ കണ്ടാല്‍ സാധാരണ പട്ടികള്‍ വിടില്ലല്ലോ, ചുരുക്കത്തില്‍, യഥേഷ്ടം വിഹരിച്ചുകൊണ്ടിരുന്ന കറുമ്പിയേയും  പേപ്പട്ടികള്‍ ആക്രമിച്ചു.  പേപ്പട്ടികളുടെ കടിയേറ്റ കറുമ്പി തൊടിയായ തൊടിയെല്ലാം ഓടിനടന്നു, കറുമ്പിയെ തളക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 


കറുമ്പിയുടെ ഉടമ കുട്ടന്‍ ചേട്ടനും കറുമ്പിയെ തളക്കാനായില്ല. ഒടുവില്‍ പേപ്പട്ടികളെ കൊല്ലാന്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത് ജോലിക്കാര്‍ക്ക് ആ പണി വിട്ടുകൊടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ആ കൃത്യം നിര്‍വഹിച്ചു,  ഒരു കാലത്ത് നാടിന്റെ കണ്ണിലുണ്ണി ആയിരുന്ന കറുമ്പിയെ അവര്‍ അവരുടെ തോക്കുകള്‍ക്കിരയാക്കി.


പേപ്പട്ടിയേക്കാള്‍ ഭീകരമാകാവുന്ന കറുമ്പിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നാട്ടുകാര്‍ ദ്വീര്‍ഘശ്വാസം വിട്ടു. 


ഒടുവില്‍ കറുമ്പിയുടെ ശവശരീരം സകല വിധ ബഹുമാനങ്ങളോടും പൊതു ശ്മശാനത്തില്‍ അടക്കം ചെയ്തു.


അന്ന് വൈകിട്ട് കൂടിയ പൊതു സമ്മേളനത്തില്‍ കറുമ്പിയുടെ ഒരു വെണ്ണക്കല്‍ പ്രതിമ ഞങ്ങളുടെ നാടിന്റെ ഹൃദയ ഭാഗത്ത്‌ സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു.


മാസങ്ങള്‍, വര്‍ഷങ്ങള്‍ നിരവധി ഓടി മറഞ്ഞു 

എന്നാല്‍ ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍  കറുമ്പിയുടെ പൂര്‍ണ്ണകായ വെണ്ണക്കല്‍ പ്രതിമ തലയുയാര്‍ത്തി നില്‍ക്കുന്നത് കാണാം.

അതു കാണുമ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍ പറയും 
"പാവം കറുമ്പി"    


ശുഭം

വാല്‍ക്കഷണം:- 
ഈ കഥക്കു ശേഷം  പട്ടണത്തില്‍ കണ്ടെത്തിയ കറുമ്പിയുടെ രൂപമെടുത്ത (പുനര്‍ജ്ജന്മം?) മറ്റൊരു കറുമ്പിയുടെ ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അഭ്രപാളികളില്‍ പകര്‍ത്തിയത്. ഇവിടെ ചേര്‍ക്കുന്നു.

Mobile Uploads. Images captured by the author 

കറുമ്പിയുടെ ഈ പട്ടണവിഹാരം കണ്ടപ്പോള്‍ എനിക്കു ഞങ്ങളുടെ പഴയ കറുമ്പിയുടെ ഗ്രാമസഞ്ചാരമാണ്  പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്തായാലും...  
കറുമ്പിയും കറുമ്പിയുടെ കൂട്ടരും നീണാള്‍ വാഴട്ടെ!!!

ഇത്രയും എഴുതി നിര്‍ത്തി, വീണ്ടും വെബിലൂടെ ഒരു യാത്ര നടത്തിയപ്പോള്‍ എന്നെ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു. ഇതാ കറുമ്പിയെന്ന പുള്ളിപ്പശുവിൻറെ 
മറ്റൊരു അവതാരം.


(ഈ കഥ ഏതാണ്ട്  35 വര്‍ഷം മുന്‍പ് എന്റെ ചിന്തയില്‍  ഉരുത്തുരിഞ്ഞ വെറും ഒരു ഭാവന മാത്രം.  ഈ കഥയുമായി ജീവിച്ചിരിക്കുന്നവര്‍ക്കോ, മണ്‍മറഞ്ഞവര്‍ക്കോ ആരുമായും ഒരു സാമ്യവും ഇല്ല ,അഥവാ അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃച്ചികം മാത്രം എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. 

നിങ്ങളുടെ വിലയേറിയ  
സമയത്തിന്   
നന്ദി  നമസ്കാരം)   

Philip Ariel